Wednesday, September 5, 2012

എളിയ തുടക്കം........!

കൂട്ടരേ,

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഉത്തരം  നല്കിയത് ഏകദേശം  അയ്യായിരത്തോളം  ചോദ്യങ്ങള്‍ക്കാണ് ! ഇതില്‍ പകുതിയിലധികം  ആവര്‍ത്തിച്ചു വന്നവയായിരുന്നു. ഇതില്‍ നിന്ന് ജന്മം  കൊണ്ടതാണ് ഈ സഹായ സംവിധാനം. ഇമെയില്‍ വഴി വരുന്ന സംശയങ്ങള്‍ക്ക് ഈ പൊതുവേദിയിലൂടെ മറുപടിപറയുമ്പോള്‍ സമാന സംശയമുള്ള ഏവര്‍ക്കും  അതു പ്രയോജനപ്പെടുമല്ലോ! ഒരേ സംശയത്തിന് അന്‍പതുവട്ടം ഫോണിലൂടെ മറുപടി പറയുന്നതില്‍നിന്നും  എനിക്കും  രക്ഷപ്പെടാം. സ്പാര്‍ക്കിനെ സംബന്ധിക്കുന്ന ഏകദേശ കൈകാര്യരീതികള്‍ ആദ്യഘട്ടമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇവിടെ വായിക്കാം . ഒപ്പം  സംശയങ്ങള്‍ കമന്റുകളായി രേഖപ്പെടുത്താം. ദിവസേന ലഭിക്കുന്ന സംശയങ്ങളുടെ മറുപടി കഴിവതും  അതാതുദിവസം  രാത്രി ഒന്‍പതുമണിക്കും  പത്തുമണിക്കും  ഇടയില്‍ തന്നെ ലഭ്യമാക്കാന്‍ ശ്രമിക്കും. അതും  കമന്റ് ആയിത്തന്നെ!!!! ഇമെയിലായി ലഭിക്കുന്ന സംശയങ്ങളില്‍ ഉചിതമായവ പൊതു ചര്‍ച്ചക്കായി പോസ്റ്റുകളാക്കി പ്രസിദ്ധീകരിക്കും. കമന്റുകള്‍ വഴി ചര്‍ച്ചയാകാം. സംശയദൂരീകരണങ്ങളും  നടക്കും.

ഭാവിയില്‍ സ്കൂളുകള്‍ക്ക് പ്രത്യേകിച്ച് പ്രൈമറി സ്കൂളുകള്‍ക്കുള്ള സമ്പൂര്‍ണ്ണ ഐ. സി. റ്റി. സഹായ സംവിധാനമെന്ന നിലയില്‍ ഇതു വിപുലീകരിക്കണമെന്നാണ് ആഗ്രഹം. ടെക്സ്റ്റ് ബുക്ക് ഇന്റന്റിങ്ങ്, ടീച്ചേര്‍സ് പാക്കേജ്, പ്രീമെട്രിക് സ്കോളര്‍ഷിപ്പ്, ഉച്ചക്കഞ്ഞി, ട്രാന്സ്ഫര്‍  തുടങ്ങി സമസ്ത മേഖലകളിലും  ഐ. റ്റി അധിഷ്ഠിത സംവിധാനങ്ങള്‍ നിലവില്‍വന്നിരിക്കുന്ന ഇക്കാലത്ത്  സ്പാര്‍ക്ക് സഹായിയുടെ ആവശ്യകതയെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായമാകട്ടെ ആദ്യ കമന്റ്. ഒപ്പം  അഗമാവുകകൂടി ചെയ്യുക. വിശക്കുന്നവരുണ്ടെങ്കിലല്ലേ വിളമ്പേണ്ടതുള്ളു!!!!

സ്പാര്‍ക്ക് സഹായത്തിന്റെ ഇമെയില്‍ വിലാസം  sparkdmu2@gmail.com